കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയും സംഘവും നടത്തിയത് 8 വിദേശയാത്രകള്‍ ; കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം

Mathew C.R
Saturday, November 30, 2019

മുഖ്യമന്ത്രി പിണറായി വിജയൻ 3 വർഷത്തിനുള്ളിൽ നടത്തിയത് എട്ട് വിദേശയാത്രകൾ. സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് നടത്തിയതാണ് ഈ യാത്രകൾ. എന്നാല്‍ കേരളത്തിന് ഒരു രൂപയുടെ നിക്ഷേപവും ഇതില്‍നിന്ന് ലഭിച്ചിട്ടില്ല. മുഖമന്ത്രി ഇപോൾ നടത്തുന്ന ജപ്പാൻ യാത്രയിലും കാര്യമായ ഒന്നും കേരളത്തിന് കിട്ടിയില്ല. ഈ യാത്രയിൽ ധനമന്ത്രി തോമസ് ഐസക്കിനെ ഒഴിവാക്കിയതും വിവാദമാവുകയാണ്.

ഭാര്യാ സമ്മേതമാണ് മുഖ്യമന്ത്രി ഈ യാത്രകൾ എല്ലാം നടത്തിയത്. എറ്റവും ഒടുവിൽ ഇപ്പോൾ മുഖ്യമന്ത്രിയും പരിവാരങ്ങളും ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയാണ്. വ്യവസായ മന്ത്രി ഇ.പി ജയരാജൻ ചീഫ് സെക്രട്ടറി ടോം ജോസ് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ രാമചന്ദ്രൻ ഉൾപ്പെടെ 16 പേരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്. കുടുംബ സമ്മേതമാണ് ഇവരുടെയെല്ലാം യാത്ര. ഒരു കോടി രൂപയാണ് ഈ യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ഷേമ പദ്ധതികളും ആരോഗ്യ പദ്ധതികളും മുടങ്ങി കിടക്കുമ്പോഴാണ് പൊതു ഖജനാവിലെ പണം ഇത്തരത്തിൽ വിനോദയാത്ര നടത്തി ധൂർത്തടിക്കുന്നത്.

കേരളത്തിലേക്ക് സാമ്പത്തിക സഹായം തേടിയാണ് യാത്രയെന്നാണ് സർക്കാരിന്‍റെ വിശദീകരണം. പക്ഷേ ഈ യാത്രയിൽ നിന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ മനപൂർവം ഒഴിവാക്കി. വ്യവസായ മന്ത്രിയെയും ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ രാമചന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തിയതും വിവാദമായിരിക്കുകയാണ്. ധനമന്ത്രിയെ ഒഴിവാക്കിയതിനെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ധനമന്ത്രിയെ ഒഴിവാക്കിയതിൽ പാർട്ടിയിലെയും സർക്കാരിലെയും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

മൂന്ന് വർഷത്തിനുള്ളിൽ എട്ട് വിദേശയാത്രയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം നടത്തിയത്. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനാണ് വിദേശയാത്ര നടത്തിയതെന്നാണ് സർക്കാരിന്‍റെ വിശദീകരണം. എന്നാൽ ഇത് സംബന്ധിച്ച് നിയമസഭയിലും വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കും പക്ഷേ സർക്കാരിന് മറുപടിയില്ല. സർക്കാർ വെബ്സൈറ്റുകളിലും ഇതുസംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്. വിദേശ പര്യടനത്തിന് ചെലവഴിച്ച തുകയെ കുറിച്ചും സർക്കാരിന് ഉത്തരമില്ല. നവകേരളത്തിനായി വിദേശ ഫണ്ട് തേടി യാത്ര നടത്തിയെങ്കിലും ലഭിച്ചത് വട്ടപ്പൂജ്യമാണ്. വിദേശ യാത്രയ്ക്ക് മുഴുവൻ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. കൂടാതെ സംഘാംഗങ്ങൾക്ക് നൂറ് ഡോളർ വീതം ഒരു ദിവസത്തെ ചെലവിനായി നൽകും. പത്ത് മുതൽ 15 ദിവസമാണ് ശരാശരി വിദേശപര്യടനം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് ഇത് താങ്ങാവുന്നതിലും അധികമാണ്. പക്ഷേ ഇത് കണക്കിലെടുക്കാതെ ഉലകം ചുറ്റുകയാണ് ഈ അഭിനവ വാലിബനും സംഘവും.