വിദ്യാർത്ഥിനികളുടെ ചിത്രം അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസ്; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട എസ്എഫ്ഐ പ്രവർത്തകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

Jaihind Webdesk
Friday, July 12, 2024

 

കൊച്ചി: വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച എസ്എഫ്ഐ മുന്‍ നേതാവ് വട്ടപ്പറമ്പ് മാടശേരി രോഹിത്തിനെ പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്ക് പേജിലിട്ടതിലാണ് അറസ്റ്റ്.

ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ രോഹിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടപടി വിവാദമായിരുന്നു. അതീവ ഗൗരവകരമായ വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

കഴിഞ്ഞ ദിവസം കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അറസ്റ്റിലായ കാലടി ശ്രീ ശങ്കരാ കോളേജിലെ മുൻ എസ്എഫ്ഐ പ്രവർത്തകൻ രോഹിത്തിനെ ദുർബല വകുപ്പുകൾ ചുമത്തി ഉടൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കെഎസ്ഇബി കവലയിൽ ബാരിക്കേഡ് തീർത്ത് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആറ് പ്രവർത്തകരെ അറസ്റ്റുചെയ്തു. പ്രതിഷേധ സമരം ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് കെ.എം. കൃഷ്ണലാൽ അധ്യക്ഷനായി.

രോഹിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടയ്ക്കണമെന്നും കുറ്റവാളിക്ക് ഒത്താശ ചെയ്യാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വകുപ്പ് മാതൃകാപരമായ ശിക്ഷാനടപടികളെടുക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രോഹിത്തിനെ ഇപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.