മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂർ ജാമ്യം

 

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഒക്ടോബർ 27-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ വെച്ച് ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളില്‍ കൈവെച്ചെന്നാണ് പരാതി. ഇത് മോശം ഉദ്ദേശ്യത്തോടെയാണെന്ന് കാട്ടിയാണ് മാധ്യമപ്രവർത്തക പരാതി നല്‍കിയത്. എന്നാല്‍ തന്‍റെ പെരുമാറ്റം വാത്സല്യത്തോടെയായിരുന്നുവെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. പിന്നാലെ സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ സുരേഷ് ഗോപി ക്ഷമ ചോദിച്ചെങ്കിലും മാധ്യമപ്രവർത്തക കേസുമായി മുന്നോട്ടുപോവുകയായിരുന്നു. താമരശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ചു ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

എന്നാൽ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസിൽ ഉൾപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി നല്‍കിയത്. ജനുവരി 17-ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് മുന്‍കൂർ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

Comments (0)
Add Comment