നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസ് ; കുമ്പളം സ്വദേശി പിടിയില്‍ , 27 പേര്‍ക്കെതിരെ കേസെടുത്തു

Monday, January 6, 2025

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്സ്‌റ് രേഖപ്പെടുത്തി പൊലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്  കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിന്റെ പരാതി. ഇത് പ്രകാരം 27 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 30 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.