തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബില്‍ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിനയച്ച സാംപിളുകള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തുകയായിരുന്നു. ആക്രിയാണെന്ന് കരുതി എടുത്തതാണെന്നാണ് വില്‍പനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. എല്ലാ ശരീരഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടര്‍ പരിശോധനയ്ക്ക് തടസമില്ലെന്നും പാത്തോളജി വിഭാഗം മേധാവി ഡോ.ലൈല രാജി മാധ്യമങ്ങളോട് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത് വന്‍ സുരക്ഷാ വീഴ്ച തന്നെയാണ്. ആശുപത്രി അറ്റന്‍ഡര്‍ അജയകുമാറാണ് ശരീര അവശിഷ്ടങ്ങള്‍ കാണാനില്ലെന്ന് പരാതി നല്‍കിയത്. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തിയതും മോഷണ മുതല്‍ വീണ്ടെടുത്തതും ജീവനക്കാരാണ്. ആക്രിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തില്ല. മനഃപൂര്‍വ്വം നടത്തിയ മോഷണമല്ലെന്നാണ് പോലിസ് നിഗമനം.