എത്രമേല്‍ ജനവിരുദ്ധരാണ് കേരളം ഭരിക്കുന്നതെന്ന് ആര്‍ക്കും തോന്നിപ്പോകുന്നതായിരുന്നു സെക്രട്ടറിയറ്റിനു മുന്നിലെ കാഴ്ച. അമ്പതു ദിവസമായി അവര്‍ സമരത്തിലാണ്… തെരുവിലാണ്. അധികാര ശീതളിമയില്‍ ഇരിക്കുന്നവര്‍ക്ക് ഒന്നിനും ഒരു കുറവുണ്ടായിട്ടില്ല. വെയില്‍ കൊള്ളേണ്ട.. സമയാസമയങ്ങളില്‍ ആഹാരം… ജനങ്ങളുടെ പണം ചെലവാക്കി യാത്രകള്‍….അങ്ങനെ ആഡംബരമെല്ലാം നിങ്ങള്‍ അനുഭവിച്ചത് ചെയ്ത ജോലിയുടെ വേതനത്തിനായി തെരുവിലിങ്ങേണ്ടി വന്ന അമ്മമാരുടേയും സഹോദരിമാരുടേയും നികുതിപ്പണം കൊണ്ടു കൂടിയാണ്. നിങ്ങള്‍ വയര്‍ നിറച്ചത് അവരുടെ കൂടി വിയര്‍പ്പിന്റെ വിലയാണ്…അത് അങ്ങനെ ദഹിച്ചു പോകില്ല. മനുഷ്യഗുണം അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ അജീര്‍ണ്ണതയായി ഇടയ്്‌ക്കെങ്കിലും തികട്ടി വരാതിരിക്കില്ല
നിങ്ങളുടെ അഹങ്കാരത്തിലേയ്ക്കാണ് ഇന്ന് ആശമാര്‍ മുടി മുറിച്ച് എറിഞ്ഞത്. അവരുടെ അതിജീവനസമരത്തെ പിന്തുണയ്ക്കാതിരിക്കാനാവില്ല. അവരെയൊന്നുകേള്‍ക്കാന്‍ പോലും മനസ്സു വരാത്തവിധം ശിലാജീവികളായിപ്പോയിരിക്കുന്നു ഇടതു ജീവികള്‍. അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറയുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാള്‍ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരഞ്ഞു….വികാരപരമായിരുന്നു ആ കാഴ്ചകള്‍. ആത്മാഭിമാനത്തിനു വേണ്ടിയാണ് ഈ സമരമെന്നും മിനി പറഞ്ഞു. അധികാരികളുടെ മുന്നില്‍ അടിമയായി നിന്നു പണിയെടുത്താല്‍ കിട്ടുന്ന 232 രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമെന്നും മിനി പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.