ആ ചിരി മാഞ്ഞു; മലയാളത്തിന്‍റെ പ്രിയനടന്‍ മാമുക്കോയയ്ക്ക് വിട

Jaihind Webdesk
Thursday, April 27, 2023

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയനടന്‍ മാമുക്കോയയുടെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം നടന്നത്. സിനിമ പ്രവര്‍ത്തകര്‍ക്ക് പുറമേ സാധാരണക്കാരായ ആയിരങ്ങളാണ് ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.

മലയാളികളുടെ ഖൽബിൽ അനേകം അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി ചിരിയുടെ സുൽത്താൻ മണ്ണിലേക്ക് മടങ്ങി. രാവിലെ ഒന്‍പത് മണിവരെ അരക്കിണറിലെ വീട്ടില്‍ മാമുക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നൂറുകണക്കിന് സാധാരണക്കാരും ചലച്ചിത്ര മേഖലയിലെ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, നടീ-നടന്മാരുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഇർഷാദ്, നിർമാതാവും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്, തുടങ്ങിയവർ രാവിലെ വീട്ടിലെത്തി മാമുക്കോയക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പോലീസ് ബഹുമതി നൽകി. മക്കളായ നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ്, പേരക്കുട്ടികൾ, അടുത്ത ബന്ധുക്കൾ തുടങ്ങിയവർ മാമുക്കോയക്ക് അന്ത്യചുംബനം നൽകി വിട നൽകി.

തുടർന്ന് വീടിന് സമീപത്തെ മുജാഹിദ് പള്ളിയിൽ മയ്യത്ത് നിസ്കാരം പൂർത്തിയാക്കി മൃതദ്ദേഹം കണ്ണമ്പറമ്പ് പള്ളിയിലെത്തിച്ചു. മയ്യത്ത് നമസ്‌കാര ശേഷം പുറത്തെത്തിച്ച മൃതദേഹത്തിന് സംസ്ഥാന പോലീസ് ഔദ്യോഗിക ബഹുമതി നൽകുകയും  മൃതദേഹം ഖബർ സ്ഥാനിലെത്തിച്ചു . 11 മണിയോടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായി. മക്കളായ നിസാർ, അബ്ദുൽ റഷീദ് എന്നിവർ ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. സിനിമ പ്രവര്‍ത്തകര്‍ക്ക് പുറമേ സാധാരണക്കാരായ ആയിരങ്ങളാണ് ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം- മാമുക്കോയ ഇനി ആസ്വാദകഹൃദയങ്ങളിൽ ജീവിക്കും.