നാന പടേക്കർക്കെതിരായ ലൈംഗിക ആരോപണത്തിൽ നടപടികൾ കടുപ്പിച്ച് തനുശ്രീ ദത്ത

Jaihind Webdesk
Sunday, October 14, 2018

നാന പടേക്കർക്കെതിരായ ലൈംഗിക ആരോപണത്തിൽ നടി തനുശ്രീ ദത്ത നടപടികൾ കടുപ്പിക്കുന്നു. ആരോപണ വിധേയനായ നാന പടേക്കറെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് നടി ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്ന ഓഷിവാര പോലീസ് സ്റ്റേഷനിൽ ഈ ആവശ്യമുന്നയിച്ച് നടിയുടെ അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചു.

നാന പടേക്കർക്കു പുറമേ കോറിയോഗ്രാഫർ ഗണേഷ് ആചാര്യ, നിർമാതാവ് സമീ സിദ്ദിഖി, സംവിധായകൻ രാകേഷ് സാരംഗ് എന്നിവരെ നാർകോ, ബ്രെയിൻ മാപ്പിംഗ്, നുണ പരിശോധനകൾക്കു വിധേയനാക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തു വർഷം മുൻപ് ഹോൺ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽവച്ച് നാന പടേക്കർ തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുംബൈയിലെ ഓഷിവാര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം, ആരോപണം നാന പടേക്കർ നിഷേധിച്ചു. പത്തു വർഷം മുൻപ് പറഞ്ഞത് തന്നെയാണ് തനിക്ക് ഇന്നും പറയാനുള്ളതെന്നും നടി പറയുന്നത് കളവാണെന്നുമായിരുന്നു നടന്‍റെ പ്രതികരണം.