കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഭാഗമായി എത്തി ഉദ്ഘാടന ചടങ്ങിനിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് (വ്യാഴാഴ്ച) ആശുപത്രി വിടും. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഡിസംബര്‍ 29നാണ് തൃക്കാക്കര എംഎല്‍എയെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടുവെന്നും നീണ്ട ഒരു മാസത്തിലധികമുള്ള ആശുപത്രി വാസത്തിനു ശേഷം ഇന്ന് വീട്ടിലേക്ക് പോവുകയാണെന്നും പ്രാര്‍ത്ഥനകളില്‍ ഓര്‍ത്ത എല്ലാവര്‍ക്കും നന്ദിയെന്നും എം.എല്‍.എ തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ
എന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്.ഇതുവരെയും പ്രാർത്ഥനയോടെയും സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള് അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപ്പൂർവം നന്ദി
വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്
ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടെ വിശ്രമം അനിവാര്യമാണ്
അതോടൊപ്പം കുറച്ച് ദിവസങ്ങൾ കൂടി സന്ദർശനങ്ങളിൽ നിയന്ത്രണം ഉണ്ടാവണം എന്നുമാണ് അറിയിച്ചിട്ടുള്ളത്..
ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു!
വീണ്ടും നമുക്ക് ഒത്തുചേരാം.
ആ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു
നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും വീണ്ടും നന്ദി!
ഉദ്ഘാടന ചടങ്ങിനെത്തി വിഐപി ഗ്യാലറിയില്‍ നിന്ന് വീണ ഉമാ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ നീണ്ട 46 ദിവസമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിന്‍റെ എല്ലാ വിവരങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. എംഎല്‍എയുടെ മനോധൈര്യം പ്രശംസനീയമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.