
കൊച്ചി തമ്മനത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സംഭരണിയുടെ ഒരു ഭാഗം തകര്‍ന്ന് വീടുകളില്‍ വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 1.35 കോടി ലിറ്റര്‍ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം സംഭവിക്കുമ്പോള്‍ ഏകദേശം 1.15 കോടി ലിറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു. ടാങ്കിന് പിന്നിലുണ്ടായിരുന്ന പത്തോളം വീടുകളിലാണ് വെള്ളം ഇരച്ചെത്തിയത്. കോര്‍പ്പറേഷനിലെ 45-ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്.
ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. രണ്ട് അറകളുള്ള സംഭരണിയായിരുന്നു ഇത്. ഇതില്‍ ഒരു അറയുടെ ഭിത്തിയുടെ ഒരു ഭാഗമാണ് അടര്‍ന്നുപോയത്. വീടുകളിലേക്ക് വെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് മതിലുകള്‍ തകരുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വീട്ടുപകരണങ്ങളും നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത് എന്നതിനാല്‍ ആളുകള്‍ വിവരമറിയാന്‍ വൈകിയത് ദുരിതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഈ അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ജലവിതരണം തടസ്സപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി പുരോഗമിക്കുന്നുവെന്നും നഗരത്തിലെ 30 ശതമാനം പ്രദേശത്ത് ജലവിതരണം തടസ്സപ്പെടുമെന്നും സൂപ്രണ്ടിങ് എന്‍ജിനിയര്‍ രതീഷ് കുമാര്‍ പറഞ്ഞു. ചേരാനെല്ലൂര്‍ പഞ്ചായത്ത്, തൃപൂണിത്തുറ, പേട്ട ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും. വേഗത്തില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണ്. ജലസംഭരണിയില്‍ വെള്ളം നിറയ്ക്കും മുന്‍പ് വിദഗ്ധ സമിനിയുടെ അഭിപ്രായം തേടും. സംഭരണിയുടെ അടിത്തറ ഇരുന്നുപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കളക്ടര്‍ ജി പ്രിയങ്ക സ്ഥലം സന്ദര്‍ശിച്ചു.