സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി; മുനമ്പം സമരത്തെ മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയമായി കണ്ടോ എന്ന് സംശയമെന്ന് മാര്‍ പാംപ്ലാനി

Jaihind Webdesk
Thursday, November 14, 2024

എറണാകുളം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രശ്നം മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയതയുടെ കണ്ണോടെ കണ്ടോ എന്ന് സംശയമുണ്ടെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

മുനമ്പത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തി. പക്ഷെ പൊതുസമൂഹം നീതിക്ക് വേണ്ടിയുള്ള ജനതയുടെ നിലവിളിയായാണ്‌ സമരത്തെ കാണുന്നത്. ഭരണഘടനാപരമായ ചുമതലകള്‍ ഉള്ള മന്ത്രിയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”

മുനമ്പം സമരവേദിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രി അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ചത്. മുനമ്പം സമരത്തിൽ ക്രൈസ്തവസഭ വർഗീയത കലർത്തുകയാണെന്ന് വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞിരുന്നു. അവിടെ താമസിക്കുന്നവരെ സംരക്ഷിക്കണം എന്നുള്ള നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളുടെ പക്ഷത്താണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനക്ക് എതിരെയാണ് ബിഷപ്പ് രംഗത്തെത്തിയത്.