പത്തുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എസി മൊയ്തീന്‍

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീനെ
ഇ ഡി പത്ത് മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും ഇ.ഡി. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുമെന്നും എ.സി. മൊയ്തീൻ പ്രതികരിച്ചു.

രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും
എ സി മൊയ്തീൻ ഹാജരായിരുന്നില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം ഹാജരായാൽ മതിയെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് വിട്ടു നിന്നത്. മൂന്നാമതും നോട്ടീസ് കിട്ടിയതോടെയാണ് ഇഡിക്കു മുന്നില്‍ ഹാജരായത്. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി വായ്പ നേടിയത് എ.സി മൊയ്തീൻ എംഎല്‍എയുടെ ശുപാർശ പ്രകാരമാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.
പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി. വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും എ.സി മൊയ്തീൻ വ്യക്തമാക്കി. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുമെന്നും അറിയിച്ചു. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു.

 

Comments (0)
Add Comment