‘അഴിമതിയുടെ കാര്യത്തിൽ തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് എത്തും’

Jaihind Webdesk
Wednesday, December 5, 2018

Rahul-Gandhi-Chandra-babu-Naidu

കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതി മൂലമാണ് അദ്ദേഹം ബിജെപിയെയും മോദിയെയും ഭയക്കുന്നത്. സംസ്ഥാനത്ത് നടക്കുന്നത് മോദിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ മോദിയുടെ തൊട്ടടുത്ത് എത്തുവാൻ ചന്ദ്രശേഖർ റാവുവിന് ആകുമെന്നും രാഹുൽ പരിഹസിച്ചു. അഴിമതി മൂലമാണ് അദ്ദേഹം ബിജെപിയെ ഭയക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ആദ്യമായി കോൺഗ്രസും ടിഡിപിയും സഖ്യത്തിലെത്തിയത് രാജ്യത്തിന്‍റെ പുരോഗതി മാത്രം ലക്ഷ്യം വച്ചാണെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞു. കോൺഗ്രസിന്‍റെയും ടിഡിപിയുടെയും കൊടികൾ ഒരുമിച്ചു പറക്കുന്നത് രാജ്യത്തിന്‍റെ നന്മക്കുവേണ്ടിയാണ്. കഴിഞ്ഞ 37 വർഷക്കാലം കോൺഗ്രസുമായി പൊരുതിയ പാർട്ടിയാണ് ടിഡിപി. ഇതാദ്യമായി കോൺഗ്രസും ടിഡിപിയും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒരുമിച്ചു പ്രവർത്തിക്കുന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. മഹാസഖ്യത്തിന്‍റെ ഭാഗമായി തെലങ്കാനയിൽ രാഹുൽ ഗാന്ധിയോടൊപ്പം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മഹാസഖ്യത്തിലൂടെ കോൺഗ്രസ് വൻ മുന്നേറ്റമാണ് തെലങ്കാനയിൽ ഉണ്ടാക്കിയിട്ടുളളത്. നേരത്തെ സി-വോട്ടർ ഉൾപ്പടെയുളള സർവ്വേ ഫലങ്ങൾ കോൺഗ്രസ് മുന്നണി തെലങ്കാനയിൽ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു.