സര്‍ക്കാരിന് തിരിച്ചടി; ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബം

Jaihind Webdesk
Sunday, October 7, 2018

ശബരിമല വിഷയത്തിൽ സർക്കാരുമായി ഒത്തുതീർപ്പിനില്ലെന്ന് തന്ത്രികുടുംബം. പുനഃപരിശോധനയ്ക്ക് ശേഷം ചർച്ച മതിയെന്നാണ് തന്ത്രികുടുംബത്തിന്‍റെ നിലപാട്. അതേസമയം പത്തനംതിട്ട ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ സമൂഹത്തിന്‍റെ പ്രതിഷേധം ശക്തമായതോടെയാണ് സമവായത്തിനായി തന്ത്രി കുടുംബത്തെ സർക്കാർ നാളെ ചർച്ചയ്ക്ക് ക്ഷണിച്ചത്. എന്നാൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് തന്ത്രി കുടുംബം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പുനഃപരിശോധനാ ഹർജിക്ക് ശേഷം ചർച്ചയാകാമെന്നും ഉചിതമായ തീരുമാനം അപ്പോൾ എടുക്കാമെന്നുമുള്ള നിലപാടിലാണ് തന്ത്രി കുടുംബം. എൻ.എസും. എസും. പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങളും ചേർന്നുള്ള ചർച്ചയ്ക്കൊടുവിലാണ് തന്ത്രി കുടുബം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. തുലാമാസ പൂജകൾക്കായി വനിതാ പോലിസുകാരെ ശബരിമലയിലേക്ക് വിന്യസിക്കുന്നത് ചട്ടലംഘനമാണെന്നും തന്ത്രി വ്യക്തമാക്കി.

അതേ സമയം ശബരിമല വിഷയത്തിൽ നിലപാടിൽ അയവു വരുത്തിയ സി.പി.എം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി തന്ത്രി കുടുബമായും പന്തളം കൊട്ടാരമായും ചർച്ച നടത്തുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ തങ്ങൾക്ക് ഇതുസംബന്ധിച്ച് അറിവ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരിന്‍റെ പ്രതികരണം.

https://www.youtube.com/watch?v=HipppJMvLxs