ചെന്നൈ: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി വീണ്ടും ഉയര്‍ത്തിക്കാണിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘രാഹുല്‍ ഗാന്ധിയെ കുറിച്ച് ചെന്നൈയില്‍ വെച്ച് ഞാന്‍ ഇക്കാര്യം പറഞ്ഞതാണ്. അതില്‍ എന്താണ് തെറ്റ്. തമിഴ്‌നാട് ജനതയുടെ ആഗ്രഹമാണത്. എന്നാല്‍ ആര് പ്രധാനമന്ത്രി ആകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷമാണ് പശ്ചിമബംഗാളില്‍ തീരുമാനിക്കുന്നത്. അത് അവരുടെ ഇഷ്ടം,’ സ്റ്റാലിന്‍ എ.എന്‍.ഐയോട് പറഞ്ഞു.
രാഹുലിനെ പ്രധാനമന്ത്രിയായി ദക്ഷിണേന്ത്യ അംഗീകരിച്ചെന്നാണ് സ്റ്റാലിന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ പ്രഖ്യാപിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സ്റ്റാലിന്‍ പറയുന്നു. എല്ലാ നേതാക്കളും സഖ്യം തീരുമാനമായാല്‍ ഇത് തന്നെയായിരിക്കും പ്രഖ്യാപിക്കാന്‍ പോകുന്നത്. എന്നാല്‍ 2004ല്‍ യുപിഎയുടെ നേതാവായി സോണിയാ ഗാന്ധിയെ പ്രഖ്യാപിച്ചത് വഴി ലാലു പ്രസാദ് യാദവിന് ലഭിച്ച നേട്ടങ്ങളാണ് ഡിഎംകെയും ലക്ഷ്യമിടുന്നത്. സീറ്റ് വിഭജനത്തിലും കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലും വന്‍ നേട്ടം ഇതുവഴി സ്റ്റാലിനുണ്ടാവും. ദക്ഷിണേന്ത്യന്‍ സഖ്യത്തിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കുന്നതും സ്റ്റാലിനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും രാഹുല്‍ ഗാന്ധിക്കാണ് ദക്ഷിണേന്ത്യയില്‍ ജനപ്രീതി എന്ന് സര്‍വേകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 100 സീറ്റില്‍ അധികം യുപിഎ മുന്നണിക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിച്ചാല്‍ അത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്ന് ഉറപ്പാണ്.