സംഘപരിവാര്‍ ആശയങ്ങള്‍ മതേതര മൂല്യത്തെ വെല്ലുവിളിക്കുന്നതെങ്ങിനെ എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ശനിയാഴ്ച തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഒരു കോളേജില്‍ സംഭവിച്ചത്. തിരുപ്പുറംകുണ്‍ഡ്രത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ ആഹ്വാനം ചെയ്യുകയാണ്. പ്രസംഗത്തില്‍ പോലും ഗവര്‍ണര്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഡിഎംകെയും കോണ്‍ഗ്രസും ആരോപിച്ചു. പ്രസംഗം വന്‍ വിവാദമായിവളരുകയാണ്.
തിരുപ്പുറം കുണ്‍്രഡ്രത്തില്‍ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിയിലാണ് വിദ്യാര്‍ത്ഥികളോട് ജയ് ശ്രീ റാം ചൊല്ലാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ആവശ്യപ്പെട്ടത് . കോളേജിലെ പ്രസംഗത്തിനിടെ കമ്പ രാമായണം രചിച്ച കവിയെ ആദരിക്കാം എന്നു സൂചിപ്പിച്ചിട്ടാണ് ജയ് ശ്രീറാം എന്നു പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ എത്തിയതോടെ പ്രതിഷേധവും ഉയര്‍ന്നു. ‘ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന കമ്പര്‍ക്ക് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഞാന്‍ ജയ് ശ്രീറാം എന്നു പറയും, നിങ്ങള്‍ അത് ഏറ്റു പറയണം,’ ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറയുന്നത് ഇതാണ്.
ഗവര്‍ണര്‍ രവി മതപരമായ ഒരു പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് ജയ് ശ്രീറാം പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ ആസന്‍ മൗലാന പറഞ്ഞു. ‘അദ്ദേഹം ഈ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നിലാണുള്ളത് . എന്നാല്‍ ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്, അത് ഈ രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കും. ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന മതങ്ങളും വൈവിധ്യമാര്‍ന്ന ഭാഷകളും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുമുണ്ട്. ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം ചൊല്ലാന്‍ പറയുന്നത് അസമത്വം പ്രോത്സാഹിപ്പിക്കുന്നതാണ്, ആസന്‍ മൗലാന പറഞ്ഞു
ഗവര്‍ണര്‍ രവിയുടെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ഭരണകക്ഷിയായ ഡിഎംകെയും പ്രതികരിച്ചു. ആര്‍എസ്എസിന്റെ വക്താവാണ് ഗവര്‍ണര്‍ എന്ന് ഡിഎംകെ ആരോപിച്ചു. ‘ഇത് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണ്. ഗവര്‍ണര്‍ വീണ്ടും വീണ്ടും ഭരണഘടന ലംഘിക്കുകയാണ് ്. അദ്ദേഹം ഒരു ആര്‍എസ്എസ് വക്താവാണ്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ എങ്ങനെ ലംഘിച്ചുവെന്നും സുപ്രീം കോടതി അദ്ദേഹത്തിന് തന്റെ സ്ഥാനം എന്താണെന്ന് കാണിച്ചുകൊടുത്തുവെന്നും നാം കഴിഞ്ഞ ദിവസം അറിഞ്ഞതാണ്. എന്തുകൊണ്ട് ഈ ഗവര്‍ണര്‍ രാജിവയ്ക്കുന്നില്ല? ‘ ഡിഎംകെ വക്താവ് ധരണീധരന്‍ ചോദിച്ചു.
തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവയ്ക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതി വിമര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്‍എന്‍ രവിയുടെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ബില്ലുകളിന്മേലുള്ള നടപടികള്‍ അനിശ്ചിതമായി വൈകിപ്പിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയില്ലെന്നും അത്തരം നിഷ്‌ക്രിയത്വം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. ഗവര്‍ണര്‍ രവിയുമായി തര്‍ക്കത്തിലായിരുന്ന ഡിഎംകെ സര്‍ക്കാരിന് ഈ വിധി പ്രാബല്യത്തിലായതോടെ പത്തു ബില്ലുകള്‍നിയമമായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.