ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍

Jaihind Webdesk
Thursday, August 19, 2021

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.

‘അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു.

ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്ഥാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2021-ല്‍ അഫ്ഗാനിലേക്കുള്ള നമ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്‍റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.

കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു.

ചില ചരക്കുകള്‍ അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറിലൂടെയാണ് കയറ്റുമതി ചെയ്യുന്നത്. അത് ഇപ്പോഴും നല്ലനിലയില്‍ നടക്കുന്നുണ്ട്. ദുബായ് റൂട്ടിലൂടെയുള്ള ചില ചരക്കുകളുടെ കൈമാറ്റവും നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചസാര, മരുന്നുകള്‍, തുണിത്തരങ്ങള്‍, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകള്‍ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉണക്ക പഴങ്ങളും ഉള്ളിയടക്കമുള്ളവയുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും എഫ്.ഐ.ഇ.ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.