‘ആദ്യമായി നമ്മളൊരു ഭീകരാക്രമണക്കേസ് പ്രതിയെ പാര്‍ലമെന്‍റിലേക്കയച്ചു’ : പ്രഗ്യാ സിംഗ് താക്കൂറിനെതിരെ സ്വര ഭാസ്കര്‍

മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് താക്കൂറിന്‍റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍.  ആദ്യമായി നമ്മളൊരു ഭീകരാക്രമണ കേസിലെ പ്രതിയെ പാര്‍ലമെന്‍റിലേക്ക് അയക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യയില്‍ പുതിയ തുടക്കങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതില്‍ സന്തോഷമുണ്ട് … ആദ്യമായി ഒരു ഭീകരാക്രമണ കേസിലെ പ്രതിയെ നമ്മള്‍ ലോക്സഭയിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാകിസ്ഥാനെ കുറ്റപ്പെടുത്താനാവുക?’ –  സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

പാകിസ്ഥാനില്‍ ഭീകരവാദി ഹാഫിസ് സെയ്ദിന്‍റെ പാര്‍ട്ടി നിർത്തിയ സ്ഥാനാര്‍ത്ഥികളെ എല്ലാം തോല്‍പിച്ച് പാക് ജനത ജാഗ്രത കാട്ടുന്നു. എന്നാല്‍ ഇന്ത്യയാകട്ടെ ഭീകരവാദികളെ വോട്ട് നല്‍കി വിജയിപ്പിച്ച് അഭിമാനപൂര്‍വം പാര്‍ലമെന്‍റിലേക്കയക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാനെ ഇനി എന്തുപറഞ്ഞ് കുറ്റപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവാദ പ്രസ്താവനകള്‍ കൊണ്ട് കളം നിറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു പ്രഗ്യാ സിംഗ് താക്കൂർ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ഇവർക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ സധൈര്യം നേരിട്ടതിന് രാജ്യം അശോക ചക്ര നൽകി ആദരിച്ച ഹേമന്ദ് കർക്കറെയെ താന്‍ ശപിച്ചിരുന്നുവെന്ന വിവാദ പ്രസ്താവനയും പ്രഗ്യ ഈ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു. ഭോപ്പാലില്‍ നിന്ന് മത്സരിച്ച പ്രഗ്യാ സിംഗ് മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ്. ഇത്തരത്തിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തെരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായിരുന്നു. ഈ പശ്ചാത്തലത്തിലൊരാള്‍ എങ്ങനെ ജയിച്ചുകയറിയെന്നതും ദുരൂഹമാണ്. തീവ്രവാദക്കേസിലെ പ്രതിയെ പോലും ജയിപ്പിച്ച് പാര്‍ലമെന്‍റിലേക്ക് എത്തിക്കുന്നതിലെ ആശങ്കയും വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.

Sadhvi Pragya Singh Thakurswara bhaskar
Comments (0)
Add Comment