തൃശൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആലുവ ആശുപത്രിയില്‍ രാവിലെയാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. രണ്ടാം പ്രതി സ്വപ്നാ സുരേഷിന്റെയും നാലാം പ്രതി സന്ദീപിന്റെയും കൊവിഡ് പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.
സ്വപ്നയെ തൃശൂരിലെ അമ്പിളിക്കല എന്ന കൊവിഡ് കെയർ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശക്തമായ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തൃശൂർ നഗരത്തിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിനടുത്താണ് ഈ കൊവിഡ് കെയർ സെന്റർ. നേരത്തെ ഒരു ലേഡീസ് ഹോസ്റ്റലായിരുന്നു. പിന്നീട് വിദേശത്ത് നിന്ന് എത്തിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്ന കേന്ദ്രമാക്കി. ഇപ്പോൾ റിമാൻഡിലാകുന്ന പ്രതികളെ കൊവിഡ് നിരീക്ഷണത്തിനായി ഇവിടെയാണ് പാർപ്പിക്കുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ വൻ പൊലീസ് സംഘം ഹോസ്റ്റലിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. സന്ദീപിനെ കറുകുറ്റിയിലെ ക്വാറന്റൈന് നിരീക്ഷണകേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം എൻ.ഐ.എ കോടതി നാളെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നുണ്ട്. പത്ത് ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളായ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എയുടെ പ്രതീക്ഷ.