സ്വപ്നാ സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു ; സന്ദീപിന് ജാമ്യം, പുറത്തിറങ്ങാനാവില്ല

Jaihind News Bureau
Tuesday, September 22, 2020

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യപ്രകാരമാണ് കോടതി നടപടി. അതേസമയം, കേസിലെ മൂന്നാം പ്രതി സന്ദീപിന് കസ്റ്റംസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.

എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ഇന്ന് വിയ്യൂർ ജയിലിൽ നിന്നും കൊച്ചിയിലെ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കി. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്വപ്ന അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. അഞ്ച് ദിവസത്തേക്ക് സ്വപ്നയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്. എന്നാൽ കോടതി നാല് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. സ്വപ്ന മറ്റ് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളിലെ വൈരുദ്ധ്യവും എൻ.ഐ.എ പരിശോധിക്കും.

ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത്. നിലവിൽ ചുമത്തിയ യു.എ.പി.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ സന്ദീപിന് പുറത്തിറങ്ങാൻ കഴിയില്ല.

സ്വപ്നയുൾപ്പെടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍. കെ.ടി റമീസ് തുടങ്ങിയവരെ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയെന്നും പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.