കൊച്ചി: സ്വർണ്ണക്കടത്തിലെ കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സ്വപ്നാ സുരേഷ് ഇഡിക്ക് മുമ്പാകെ ഹാജരായി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സ്വപ്നാ സുരേഷ് 164 എ വഴി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താൻ ഇഡി തീരുമാനിച്ചത്. അതേസമയം തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും.
സ്വപ്നാ സുരേഷ് കോടതിക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്‌സ്‌മെന്‍റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽക്കുകയായിരുന്നു. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്‌മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറലിന്‍റെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കൾ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164 മൊഴിയിൽ വെളിപ്പെടുത്തലുകളുണ്ട്. മൊഴി പകർപ്പ് കേന്ദ്ര ഡയറക്ടറേറ്റ് പരിശോധിച്ച ശേഷം ആണ് തുടരന്വേഷണവുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്.