മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചതിൽ ദുരൂഹത

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചതിൽ ദുരൂഹത. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അതേസമയം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കും.

തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിലാണ് പ്രദീപ് മരിച്ചത്. തിരുവനന്തപുരത്തുനിന്നും പള്ളിച്ചലിലെ വീട്ടിലേക്ക് പോകുകയായിരുന്നു പ്രദീപ്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഒരു മിനി ലോറി ഇടിച്ചുവെന്നാണ് പൊലീസ് വിശദീകരണം. ഇടിച്ച വാഹനം നിർത്താതെ പോയി. ഇതു വരെ വാഹനം കണ്ടെത്താനായില്ല. തലയ്ക്കു ഗുരുതരമായി റോഡിൽ വീണ പ്രതീപിനെ അരമണിക്കൂറിന് ശേഷം ആംബലുൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദീപ് ഹെൽമെറ്റ് ധരിച്ചിരുന്നു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് തേടുന്നുണ്ട്. പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രദീപിൻറെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ജയ്ഹിന്ദ് ടിവി, കൈരളി ടിവി, മനോരമ ന്യൂസ്, മംഗളം ടിവി എന്നിവിടങ്ങളിലും നിരവധി ഓൺലൈൻ സ്ഥാപനങ്ങളിലും പ്രദീപ് ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഭാരത് ലൈവ് ടിവി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രദീപ്.

Comments (0)
Add Comment