പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ നിർമിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
2010ലും 2017ലുമായി സുരേഷ് ഗോപി രണ്ട് ഔഡി കാറുകൾ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കേസ്. നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് സുരേഷ് ഗോപി വ്യാജരേഖകൾ ചമച്ചതായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാർട്ട്മെന്റിന്റെ ഉടമകൾ ഇതുവരെ അദ്ദേഹത്തെ നേരിൽക്കണ്ടിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. അപ്പാർട്ട്മെന്റിലെ അസോസിയേഷൻ ഭാരവാഹികളും ഇതേ കാര്യം പറഞ്ഞുവെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. രേഖകൾ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകൻ, തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. വ്യാജരേഖ ചമക്കൽ, നികുതി വെട്ടിക്കാനായി മനഃപൂർവമായ ശ്രമങ്ങൾ നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കൽ, വഞ്ചന എന്നീ കുറ്റങ്ങാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.