രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി; ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും വിജയം; കെ.സുധാകരന്‍ എംപി

Jaihind Webdesk
Friday, August 4, 2023

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ലോകമെമ്പാടും ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ വിധിയാണിത്. വെറുപ്പിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കടതുറന്നു തന്നെ വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയെ സഹായിച്ച സുപ്രീംകോടതിക്ക് പ്രത്യേക നന്ദിയെന്നും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കോടതിവിധിയെന്നും സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി കേരളത്തിന്റെയും വയനാടിന്റെയും കൂടി വിജയമാണ്. വയനാടിന് അവരുടെ പ്രിയപ്പെട്ട എംപിയെ തിരികെ കിട്ടി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്‍െയും സംരക്ഷകനായി പാര്‍ലമെന്റിന് അകത്തും പുറത്തും വര്‍ധിത വീര്യത്തോടെ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരേയുള്ള പോരാട്ടം ശക്തമായി തുടരും. ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അപകീര്‍ത്തി കേസുകള്‍ നല്‍കി രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി അജണ്ടയാണ് സുപ്രീകോടതിയുടെ വിധിയിലൂടെ തകര്‍ന്ന് വീണതെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല സ്വീകരണം നല്കുന്നതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന വിധിയാണിത്. രാജ്യം മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് നീതി ലഭിച്ചതില്‍ സന്തോഷിക്കുകയാണ്. വിധി ബിജെപിയുടെ കണ്ണുതുറപ്പിക്കണം. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം രാജ്യത്ത് വിവിധയിടങ്ങളില്‍ പത്തോളം അപകീര്‍ത്തി കേസുകളില്‍ കുടുക്കി നിശബ്ദനാക്കാന്‍ ശ്രമിച്ച ബിജെപി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അപകീര്‍ത്തി കേസില്‍ താന്‍ മാപ്പു പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ സുധീരമായ നിലപാട് ശ്ലാഘനീയമാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍ അതിനെ അപകീര്‍ത്തി കേസിലൂടെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല.ഗുജറാത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള ഗൂഢാലോചന രൂപപ്പെട്ടത്.
നീതിയും സത്യവും സംരക്ഷിക്കാന്‍ സുപ്രീംകോടതിയാണ് അഭയമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു.