ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 26 ബുധനാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
ആശാവര്‍ക്കര്‍മാരോടും അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ അവഗണന കാട്ടുകയാണ്. ഇവര്‍ക്ക് മിനിമം വേതനത്തിന്റെ പകുതിപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇവരുടെ ഓണറേറിയം കൂട്ടില്ലെന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത്. അടിസ്ഥാന വര്‍ഗത്തെ മറന്നാണ് ഇരുസര്‍ക്കാരുകളും മുന്നോട്ട് പോകുന്നത്. ആശാവര്‍ക്കര്‍മാരെ പോലെ അതിജീവന പോരാട്ടത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്. ഓണറേറിയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോള്‍ അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം.ലിജു കുറ്റപ്പെടുത്തി.
ശമ്പളം 21000 രൂപയാക്കണമെന്നാണ് അങ്കണവാടി ജീവനക്കാരുടെയും ആവശ്യം. ആശാവര്‍ക്കര്‍മാരെപ്പോലെ വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയും, ഇഎസ് ഐ ആനുകൂല്യമോ ഹെല്‍ത്ത് ഇന്‍ഷുറന്‍സോ നടപ്പാക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ക്ഷേമ നിധി പെന്‍ഷന്‍ വര്‍ക്കറുടേത് 5000വും ഹെല്‍പ്പറുടേത് 4000വും ആക്കണം. ഇതിപ്പോള്‍ മൂന്ന് മുതല്‍ പത്തുമാസത്തോളം കുടിശ്ശികയാണ്. മൂന്ന് ഗഡുക്കളായി നല്‍കുന്ന വേതനം ഒറ്റത്തവണയായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് അങ്കണവാടി ജീവനക്കാര്‍ സര്‍ക്കാരിന് മുന്നിലേക്ക് വെയ്ക്കുന്നത്. ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്നും എം.ലിജു വ്യക്തമാക്കി.