സപ്ലൈകോ ഗൃഹോപകരണ വിപണിയിലേക്ക്; ചൂഷണം അവസാനിപ്പിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും

Jaihind Webdesk
Tuesday, February 26, 2019

ഗൃഹോപകരണ വിപണി പിടിക്കാനൊരുങ്ങി സപ്ലൈകോ. ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായുമാണ് സപ്ലൈകോ വിപണിയിൽ ഇടപെടുന്നത്.

കുറഞ്ഞ വിലയിൽ സപ്ലൈകോ വിൽപ്പനശാലകളിലൂടെ ഇനിമുതൽ ഗൃഹോപകരണങ്ങൾ വിൽക്കും. പ്രമുഖ കമ്പനികളുടെ ഉപകരണങ്ങൾ 40 ശതമാനം വരെ വിലക്കുറവിലാണ് വിപണിയിലേക്കെത്തുന്നത്.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത പത്ത് വിൽപ്പനശാലകളിലൂടെയാണ് ഗൃഹോപകരണ വിൽപ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പർ മാർക്കറ്റുകൾ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ മാർക്കറ്റുകളിലും തൃശ്ശൂർ പീപ്പിൾസ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വിൽപ്പന നടത്തുന്നത്. മാർച്ച് 15 വരെ വിൽപ്പനശാലകളിൽ നിന്നും നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങൾ സമ്മാനമായും നൽകും.