സപ്ലൈകോ ഗോഡൗണുകളിൽ കോടികളുടെ അഴിമതി ; ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന ലോബി സജീവം

B.S. Shiju
Friday, March 6, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളിൽ നടക്കുന്നത് കോടികളുടെ അഴിമതിയും   തട്ടിപ്പും. അർഹരായ സാധാരണക്കാർക്ക്  കിട്ടേണ്ട ഭക്ഷ്യവസ്തുക്കൾ കരിഞ്ചന്തയിൽ മറിച്ച് വിൽക്കുന്ന ലോബി സജീവം. സംസ്ഥാനത്തെ 234 സപ്ലൈകോ ഗോഡൗണുകളിൽ 131 സ്വകാര്യ ഗോഡൗണുകൾ പ്രവർത്തിക്കുന്നത് സി.പി.ഐ പ്രാദേശിക നേതാക്കളുടെ നിർദ്ദേശങ്ങളനുസരിച്ച്. റേഷൻ കടത്തിന് സർക്കാർ ഒത്താശയെന്ന ആക്ഷേപവും ശക്തമാകുന്നു.

പൊതുവിപണിയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വിലകുറച്ച് സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനായി തുടങ്ങിയ ആശയമാണ് സപ്ലൈകോ. എന്നാൽ സാധാരണക്കാർക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കളിൽ വലിയൊരു ഭാഗം   ഇന്ന് ചെന്നെത്തുന്നത് കരി ച്ചന്തയിലാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ സി.പി.ഐ നേതാക്കൾ ഉൾപ്പെട്ട വൻ ലോബിയും. ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ തുടർച്ചയായി അപ്രത്യക്ഷമാകുന്നു.

സമീപകാലയളവിൽ സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് കാണാതായ ഭക്ഷ്യവസ്തുക്കളുടെ കണക്കെടുത്താൽ  21,600 കിന്റലോളം വരും. ഇന്നത്തെ പൊതുവിപണിയിലെ വിലയനുസരിച്ച് ഇതിന് 9 കോടിയോളം വില വരും.സ്വകാര്യ വ്യക്തികളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൗണുകളിലാണ് വകുപ്പ് തലത്തിലും വിജിലൻസ് പരിശോധനയിലും 216 ലോഡ് സാധനങ്ങളുടെ കുറവ് കണ്ടെത്തിയത്. ഇതിന് പുറമേ പല ഗോഡൗണുകളിലായി 100 കണക്കിന് ലോഡ് ഭക്ഷ്യ സാധനങ്ങൾ കേട് സംഭവിച്ച് ഉപയോഗരഹിതമായി സൂക്ഷിക്കുന്നുമുണ്ട്.ഔദ്യോഗിക കണക്കുകൾ പ്രകാരം ഗോഡൗണുകളിൽ നടത്തിയ  കണക്കെടുപ്പിൽ ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും കുറവ് കണ്ടെത്തിയത് എറണാകുളം ജില്ലയിലാണെന്ന് കൊട്ടാരക്കര നഗരസഭ കൗൺസിലറും പൊതു പ്രവർത്തകനുമായ  നെൽസൺ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിലെ രണ്ടാമത്  കക്ഷിയായ  സിപിഐയിലെ  നേതാക്കളും  അനുഭാവികളുമാണ്  കേരളത്തിലെ എൻഎഫ് എസ് എ  ഗോഡൗണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. അത് കൊണ്ട് തന്നെ സി പി ഐ യെ സംരക്ഷിച്ച് കൊണ് റേഷൻ കടത്തിന് ഒത്താശ ചെയ്യുന്നു എന്നാണ് ആരോപണം.