CUSAT| വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങള്‍; കുസാറ്റ് ക്യാംപസ് അടച്ചു; നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

Jaihind News Bureau
Friday, August 1, 2025

വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്‌സ്, എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസ് അടച്ചു. കളമശ്ശേരി ക്യാംപസാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ ക്ലാസുകള്‍ ഓണ്‍ലൈനായിരിക്കും.

കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ടെണ്ണത്തിലാണ് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്. പത്തിലധികം വിദ്യാര്‍ഥികള്‍ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്. രോഗം പടരുന്നത് തടയാന്‍ ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചിട്ടിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ഹോസ്റ്റലുകളില്‍ തുടരാന്‍ അനുമതിയുണ്ട്.

സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും രോഗലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.