തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്കി. ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടി പ്രിന്‍സിപ്പലിനും കേരള വൈസ് ചാന്‍സലര്‍ക്കുമാണ് ടി.സിക്ക് അപേക്ഷ നല്‍കിയത്. പേടി കൊണ്ടാണ് കോളേജ് മാറുന്നതും പരാതിയുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.
ക്യാമ്പസ്സിലെ എസ്.എഫ്.ഐ യൂണിയന് നേതാക്കളുടെ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പക്ഷെ, പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. പിന്നീട് പെണ്‍കുട്ടി ഇനി യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നേരത്തെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്ന് കുട്ടിയുടെ കുറിപ്പില്‍ പറഞ്ഞിരുന്നു. ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടി അടുത്തിടെയാണ് കോളെജിലെ റസ്റ്റ് റൂമില്‍ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. നന്നായി പഠിക്കാമെന്ന് കരുതിയാണ് യൂണിവേഴ്സിറ്റി കോളെജിലെത്തിയത്. എന്നാല്‍ അത് സാധിക്കുന്നില്ലെന്നും കത്തിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വോഷണം ഇഴയുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് തല അന്വേഷണം തുടരുന്നുണ്ട്.