കെ റെയില്‍ പദ്ധതി പിന്‍വലിക്കുന്നതുവരെ സമരം; പോലീസ് നരനായാട്ട് നടത്തിയ മാടപ്പള്ളി സന്ദര്‍ശിച്ച് യുഡിഎഫ് സംഘം

കോട്ടയം: കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പറയുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരത്തിനുള്ള മുഴുവന്‍ പിന്തുണയും യുഡിഎഫ് നല്‍കും. സിൽവർ ലൈൻ പദ്ധതി കല്ലിടലിനെതിരെ ജനകീയ പ്രതിഷേധം നടന്ന മാടപ്പള്ളിയിൽ യുഡിഎഫ് പ്രതിനിധി സംഘത്തോടൊപ്പം സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിനെ കൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു നീക്കവും നടക്കില്ല. സമരത്തെ അടിച്ചമര്‍ത്താന്‍ എന്തു ക്രൂരതയും നടത്തുന്ന ചില ക്രൂരന്മാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പോലീസ് മനഃപൂര്‍വം നടത്തിയതാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിലൂടെ ജപ്പാനിലെ ഇന്‍റര്‍നാഷണല്‍ കമ്പനിയുമായി ചേര്‍ന്ന് വന്‍ അഴിമതിക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ പദ്ധതിയുമായി ബദ്ധപ്പെട്ട് ജപ്പാനില്‍ മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്. ഒരു അനുമതിയോ സര്‍വേയോ പഠനമോ നടത്തുന്നതിനു മുമ്പ് സ്ഥലം ഏറ്റടുക്കില്ലെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാരാണ് കല്ലിടല്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കല്ലിടല്‍ തടയുന്നതിനിടെ അമ്മയെ വലിച്ചിഴച്ച പോലീസിനെ തടയാന്‍ ശ്രമിച്ച കുഞ്ഞിനെ ഷാള്‍ അണിയിച്ച്‌ പ്രതിപക്ഷ നേതാവ് ആദരിച്ചു. പോലീസ് നടപടിയില്‍ പരിക്കേറ്റവരെ യുഡിഎഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

പ്രതിപക്ഷ നേതാവിനൊപ്പം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, പി.സി തോമസ്, ജോസഫ് എം. പുതുശേരി, പി.സി വിഷ്ണുനാഥ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Comments (0)
Add Comment