‘മേയറെ ആക്രമിച്ച സംഭവം സാംസ്കാരിക കേരളത്തിന് അപമാനം ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം’ : കെ സുധാകരന്‍ എം.പി | Video

Jaihind News Bureau
Thursday, February 20, 2020

കണ്ണൂര്‍ : മേയറെ അക്രമിച്ച സംഭവം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് കെ സുധാകരൻ എംപി. സി.പി.എം കൗൺസിലർമാരാണ് ഇതിന് പിന്നിലെന്നത് ഗൗരവം വർധിപ്പിക്കുന്നു. കോർപറേഷനിലെ ഭരണം മാറിയതിന്‍റെ  അസഹിഷ്ണുതയാണ് എൽ.ഡി.എഫിന്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

മേയറെ അക്രമിച്ച സംഭവം കണ്ണൂരിന്‍റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നാട് നീളെ പ്രസംഗിക്കുന്ന സി.പി.എമ്മിന്‍റെ കൗൺസിലർമാരാണ് ഒരു വനിതയെ അക്രമിച്ചതെന്നത് പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പി ക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. കൃത്യമായി ഒപ്പിടണമെന്ന് പറഞ്ഞതിനാണ് ഒരു വിഭാഗം ജീവനക്കാർ കോർപറേഷനിൽ സമരം നടത്തുന്നത്. ഒരു പരിക്കുമില്ലാത്തവന് ബാൻഡേജ് ഇട്ട് കൊടുക്കുന്ന കള്ള ആശുപത്രിയായി കണ്ണൂരിലെ എ.കെ.ജി ആശുപത്രി മാറി. സി.പി.എം കൗൺസിലർമാർക്ക് പരിക്ക് പറ്റി എന്ന് പറയുന്നത് കെട്ടിച്ചമച്ചതാണ്. കോർപറേഷനിലെ ഭരണം മാറിയതിന്‍റെ അസഹിഷ്ണുതയാണ് എൽ.ഡി.എഫിനെന്നും കെ സുധാകരൻ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൾ ഖാദർ മൗലവി, ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, കൗൺസിലർമാരായ ടി.ഒ മോഹനൻ, സി സമീർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇന്നലെ കൗൺസിൽ ഹാളിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സി.പി.എം കൗണ്‍സിലര്‍മാരുടെ ആക്രമണത്തില്‍
പരിക്കേറ്റ മേയർ ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിൽ യോഗം ആരംഭിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി മേയറുടെ അടുത്തേക്ക് വന്ന സി.പി.എം കൗൺസിലർമാര്‍ മേയർ സുമാ ബാലകൃഷ്ണനെ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. സി.പി.എം കൗൺസിലർമാരായ തൈക്കണ്ടി മുരളി, പ്രമോദ്, രാജീവൻ എന്നിവർ ചേർന്നാണ് മേയറെ കയ്യേറ്റം ചെയ്തത്. മേയർക്കെതിരെ മുദ്രാവാക്യം വിളിച്ച സി.പി.എം കൗൺസിലർമാർ അസഭ്യവർഷവും നടത്തി. മേയർക്കെതിരെയുള്ള കയ്യേറ്റം തടയാൻ ശ്രമിച്ച യു.ഡി.എഫ് കൗൺസിലർമാരെ സി.പി.എം കൗൺസിലർമാർ തടഞ്ഞുവെച്ചു. കോർപറേഷൻ ഹാളിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയായിരുന്നു കയ്യേറ്റം.

https://www.facebook.com/JaihindNewsChannel/videos/143748083424024/