എറണാകുളം: എറണാകുളം വടക്കന്‍ പറവൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.
വൈകുന്നേരം 4.30 ഓടെ വീടിന് സമീപമുള്ള ക്ഷേത്രത്തിനടുത്തുവെച്ചാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നല്കി. തുടര്‍ന്ന്, വിദഗ്ദ്ധ ശസ്ത്രക്രിയക്കായി കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുള്ളതിനാല്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.