മസാല ബോണ്ട് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതു സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ധനമന്ത്രിയോ മുഖ്യമന്ത്രിയോ തയാറായിട്ടില്ല.
കനേഡിയൻ ഫണ്ടിംഗ് ഏജൻസിയായ സി.ഡി.പി.ക്യുവിന് കിഫ്ബി മസാല ബോണ്ടുകൾ ലഭ്യമാക്കിയതിനെ സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ മൗനം തുടരുകയാണ്. മസാല ബോണ്ടുകൾ ഉയർന്ന പലിശയ്ക്കു നൽകാൻ തിരുമാനിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഇതിന് മറുപടി നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ കിഫ്ബി ആദ്യം മുതൽ മറച്ചുവെക്കാനാണ് ശ്രമിച്ചത്. മസാല ബോണ്ട് വാങ്ങുന്ന സി.ഡി.പിക്യുവിനു ലാവ്‌ലിനിൽ 20% ഓഹരിയുണ്ട് എന്നതും ആദ്യം മറച്ചുവെച്ചിരുന്നു. സി.ഡി.പി.ക്യുവും ലാവ്‌ലിൻ കമ്പനിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ആദ്യം ന്യായീകരിച്ച ധനമന്ത്രി തോമസ് ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നീട് അത് തിരുത്തി.
പലിശയും കരാറും നിശ്ചയിച്ചതു സംബന്ധിച്ച് ഒരു കാര്യവും മന്ത്രിസഭയോ നിയമസഭയോ അറിഞ്ഞതായി കാണുന്നില്ലെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. വിഷയത്തിൽ ഉയർന്നുവന്നിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എല്ലാ ഫയലും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്ന ആവശ്യത്തിലും സർക്കാർ നിഷ്ക്രിയത്വം തുടരുകയാണ്.