വധശ്രമം: എ.എന്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു; മുഖ്യമന്ത്രിയുടെ വാദം തള്ളി നസീര്‍

Jaihind Webdesk
Tuesday, June 11, 2019

COT-Naseer

വധശ്രമക്കേസിൽ തലശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ താൻ മൊഴി നൽകിയിട്ടില്ലന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സി.ഒ.ടി നസീർ. അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി.ഐക്ക് മുന്നിൽ ഷംസീറിനെതിരെ മൊഴി നൽകിയിരുന്നുവെന്നും എന്നാൽ ആ വഴിക്ക് പോലീസ് അന്വേഷണം നടത്തിയില്ലന്നും സി.ഒ.ടി നസീർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

എ.എൻ ഷംസീർ എം.എൽ.എക്കെതിരെ സി.ഒ.ടി നസീർ മൊഴി നൽകിയിട്ടില്ലന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ വാദം.എന്നാൽ ഈ പ്രസ്താവന ശരിയല്ലന്ന് സി.ഒ.ടി നസീർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി.ഐ വിശ്വംഭരൻ മുൻപാകെ ഷംസീറിനെതിരെ മൊഴി നൽകിയിരുന്നു. മൂന്ന് തവണ പൊലീസ് മൊഴിയെടുത്തു. എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടത്താൻ പോലീസ് തയാറായില്ല. തന്‍റെ മൊഴി വായിച്ച് കേൾപ്പിക്കാൻ പോലും പോലീസ് തയാറായില്ലെന്നും നസീർ പറഞ്ഞു.

എ.എൻ ഷംസീർ എം.എൽ.എയുടെ അറിവോടെ സി.പി.എം ഏരിയാ ലോക്കൽ തലത്തിൽ ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെയുളള അക്രമം നടത്തിയത്. തൃപ്തികരമായ അന്വേഷണം ഇനിയും നടന്നിട്ടില്ല. തൃപ്തികരമായ അന്വേഷണം നടത്താൻ തയാറാകുന്നില്ലെങ്കിൽ മറ്റ് ഏതങ്കിലും ഏജൻസിക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സി.ഒ ടി.നസീർ പറഞ്ഞു.