എന്റെ പേര് വെട്ടിയത് മഹാകവി; വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി

Jaihind Webdesk
Sunday, October 8, 2023

വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. യഥാര്‍ത്ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. നാല് തവണ വയലാര്‍ അവാര്‍ഡിന് എന്നെ തെരഞ്ഞെടുത്തതാണ്. എനിക്കാണ് അവാര്‍ഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ചു പറയുകയും ചെയ്തു. പിന്നീട് എന്നെ മനപ്പൂര്‍വം ഒഴിവാക്കി. പിറ്റേന്ന് വിളിച്ച് ചില പ്രശ്‌നങ്ങളുണ്ട്. അടുത്ത തവണ തരുമെന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നു.

31 ാം വയസില്‍ എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഒരു മഹാകവി ഇടപെട്ട് എന്റെ പേര് വെട്ടിയെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നാണ് അന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ പിന്നീട് ആ മഹാകവിയെക്കാള്‍ ഗാനങ്ങളെഴുതി. എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാരന്‍ തമ്പിക്കാണ് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെന്‍ഡുലത്തിനാണ് പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്പവും അടങ്ങുന്ന പുരസ്‌ക്കാരം തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള രാജ്യത്തെ തന്ന ബൃഹത്തായ ആത്മകഥയാണ് ജീവിതം ഒരു പെന്‍ഡുലമെന്ന് ജൂറി വിലയിരുത്തി. ഡോ.പി.കെ രാജശേഖരന്‍, വിജയലക്ഷ്മി, എല്‍.തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.