സ്പ്രിങ്ക്ളര്‍ വിവാദം: അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം. മാധവൻ നമ്പ്യാർ മുഖ്യമന്ത്രിയുടെ സ്വന്തക്കാരന്‍; കിയാല്‍ ഡയറക്ടറായി നിയമിച്ചതും മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം

Jaihind News Bureau
Thursday, April 23, 2020

സ്പ്രിങ്ക്‌ളര്‍ വിവാദം അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ അധ്യക്ഷന്‍ എം. മാധവന്‍ നമ്പ്യാര്‍ മുഖ്യമന്ത്രിയുടെ സ്വന്തക്കാരന്‍. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കേന്ദ്ര സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഇയാളെ കിയാല്‍ ഡയറക്ടറായി നിയമിച്ചത്.  മുഖ്യമന്ത്രി ചെയര്‍മാനായ എയര്‍പോര്‍ട്ടിന്‍റെ ഡയറക്ടറെ തന്നെ അന്വേഷണ കമ്മീഷനായി നിയമിച്ചത് അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നുവെന്നതിന്‍റെ  തെളിവാണ്.

മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണത്തെ കുറിച്ചും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ ടി വകുപ്പിന്‍റെ നിയമ വിരുദ്ധ നടപടി അന്വേഷിക്കുവാനും മുഖ്യമന്ത്രി ചെയര്‍മാനായ എയര്‍പോര്‍ട്ടിന്‍റെ ഡയറക്ടറെ തന്നെ അദ്ദേഹം നിയമിച്ചതും ചോദ്യം ഉയര്‍ത്തുന്നു. ഇതോടെ  അന്വേഷണ കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു. മാധവന്‍ നമ്പ്യാരെ അന്വേഷണ കമ്മീഷനായി നിയമിച്ചു കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ മാധവന്‍ നമ്പ്യാര്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്‍റെ നിലവിലെ ഡയറക്ടറാണെന്ന വിവരം മറച്ചുവെച്ചിട്ടുണ്ട്.

മാധവന്‍ നമ്പ്യാര്‍ പ്രഗത്ഭനായ കേന്ദ്ര ഗവണ്മെന്‍റ് ഐ ടി സെക്രട്ടറി ആയിരുന്നുവെന്നും ഒരുപാട് ഗുണഗണങ്ങള്‍ ഉള്ള വ്യക്തി ആണെന്നുമായിരുന്നു മാധവന്‍ നമ്പ്യാറെ അന്വേഷണ കമ്മീഷന്‍ അംഗമായി നിയമിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴുള്ള മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ മാധവന്‍ നമ്പ്യാര്‍ താന്‍ ചെയര്‍മാനായ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റെ  ഡയറക്ടറാണെന്നുള്ള വിവരം മുഖ്യമന്ത്രി ബോധപൂര്‍വ്വം മറച്ചുവച്ചതിനും മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും. റാഡിയ ടേപ്പുമായി ബന്ധപ്പെട്ടും മാധവന്‍ നമ്പ്യാറുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.