നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവ്വകലാശാല വേണം: കെഎസ്‌യു

Jaihind Webdesk
Saturday, August 17, 2024

 

എറണാകുളം: സംസ്ഥാനത്തെ നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവ്വകലാശാല വേണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെഎസ്‌യു നിലപാട് സംസ്ഥാന സർക്കാരിനെ അറിയിക്കും. സംസ്ഥാനത്തെ പല സർവ്വകലാശാലകളും വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണ്. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തയാറാകുന്നില്ലെന്ന് മാത്രമല്ല പുനഃമൂല്യനിർണ്ണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെന്‍ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.

കെഎസ്‌യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച് സംഘടിപ്പിച്ച നിയമ വിദ്യാർത്ഥികൾക്കായുള്ള ലോകോസ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്‌യു സംസ്ഥാന കൺവീനർ ശ്രീജിത്ത് പുലിമേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 21 നിയമ കലാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെഎസ്‌യു സംസ്ഥാന ജന:സെക്രട്ടറിമാരായ മുബാസ് ഓടക്കാലി, അൽ അമീൻ അഷ്റഫ്,കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് കെ.എം കൃഷ്ണ ലാൽ, സംസ്ഥാന ഭാരവാഹികളായ ജെയിൻ പൊട്ടക്കൻ, ജിഷ്ണു രാഘവ്, തൗഫീക്ക് രാജൻ, ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു.