മണ്‍വിള തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കും

Jaihind Webdesk
Thursday, November 1, 2018

മൺവിള പ്ലാസ്റ്റിക് നിർമാണ ശാലയിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അഗ്‌നിശമനസേനാ വിഭാഗവും അറിയിച്ചിരുന്നു.

പ്ലാസ്റ്റിക് നിർമാണശാലയിലെ തീ പൂർണമായും അണച്ചതായി അധികൃതർ അറിയിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്കുശേഷമാണ് തീ പൂർണമായും അണച്ചത്. സംഭവത്തിൽ ആളപായമില്ല. നിർമാണ യൂണിറ്റും ഗോഡൗണും പൂർണമായും കത്തിനശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീ പൂർണമായും അണച്ചതോടെ കെട്ടിടത്തിനുള്ളിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് പോലീസും അറിയിച്ചു.

ബുധനാഴ്ച രാത്രിയിലാണ് ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ നിർമാണ യൂണിറ്റും ഗോഡൗണും ചേർന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമനസേനയ്ക്ക് ഏഴ് മണിക്കൂർ പ്രയത്നിക്കേണ്ടിവന്നു. 500 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.