മൺവിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടുത്തം അട്ടിമറി; 2 ജീവനക്കാര്‍ പിടിയില്‍

Jaihind Webdesk
Saturday, November 10, 2018

മൺവിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടുത്തം അട്ടിമറി.  സംഭവത്തിൽ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍. ചിറയിന്‍കീഴ് സ്വദേശി വിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്. ശമ്പളം വെട്ടിക്കുറച്ചതിലുള്ള പ്രതികാരമായാണ് തീവച്ചതെന്ന് വിമല്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ലൈറ്റര്‍ ഉപയോഗിച്ച് പ്ലാസ്റ്റിക്കിന് തീകൊളുത്തുകയായിരുന്നുവെന്നും എന്നാല്‍ ഇത്രയും വലിയ അപകടം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പ്രതികള്‍ പറഞ്ഞു.   മതിയായ സുരക്ഷാക്രമീകരണം ഫാക്ടറിയില്‍ ഉണ്ടാകാതിരുന്നതാണ് വന്‍ ദുരന്തത്തിലേയ്ക്ക് വഴിവച്ചത്.

മൺവിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടുത്തം അട്ടിമറിയെന്നാണ് പുതുതായി പുറത്തു വരുന്ന വിവരങ്ങൾ.  പ്രാഥമിക അന്വേഷണത്തിനിടെ  അട്ടിമറി സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അട്ടിമറിയാണെന്ന സൂചന ലഭിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.ഇവരുടെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. ശമ്പളം വെട്ടിക്കുറച്ചതിനെതിരെ ഇവർ സംഭവത്തിനു മുൻപ് രംഗത്തെത്തിയിരുന്നു. ഈ വൈരാഗ്യമാണ് സംഭത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തു. സിഗററ്റ് ലൈറ്റർ ഉപയോഗിച്ചാണ് ഇവർ തീ കൊളുത്തിയത്. എന്നാൽ ഇത്രയും വലിയ അപകടം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാത്തതുമായി ബന്ധപ്പെട്ട് കമ്പിനിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് എംഡി സിംസണ്‍ ഫെര്‍ണാണ്ടസിന്റെ വിശദീകരണം.

അതേ സമയം, ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ല. മതിയായ സുരക്ഷാക്രമീകരണം ഫാക്ടറിയിൽ ഉണ്ടായിരുന്നുമില്ല. ഇതെല്ലാം തന്നെയാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചതെന്നാണ് പുതുതായി പുറത്തു വരുന്ന വിവരങ്ങൾ. സംഭവത്തെ പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.