ഡ്രോൺ പറത്തിയ സംഭവം: പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും

സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ പറത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കോവളത്തും പൊലീസ് ആസ്ഥാനത്തും ആയിരുന്നു സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ ശ്രദ്ധയിൽപെട്ടത്.

പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതടക്കമുള്ള സംഭവം അന്വേഷിക്കാൻ ശംഖുമുഖം എസി പി യുടെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി.ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത് .സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം ഇതു സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകും.ഇന്നലെയാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ആകാശ ക്യാമറ കണ്ടത്. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിൻറെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്. പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തിൽ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോൺ ക്യാമറയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. മറ്റ് തരത്തിലുള്ള മാപ്പിങ്ങ് സർവ്വേകൾക്ക് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്ന സ്ഥീതികരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. എന്നാൽ മുൻകൂർ അനുമതി ഇല്ലാതെ ഇത്തരത്തിൽ ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇക്കാര്യം കാര്യം അന്വേഷണ വിധേയമാക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Comments (0)
Add Comment