ചെറുകിട ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യം; സാമ്പത്തിക പുനരുജ്ജീവനത്തിന് മാർഗങ്ങള്‍ തേടി കോണ്‍ഗ്രസ്

രാജ്യത്തിന്‍റെ സമ്പദ് വ്യസ്ഥ പൂര്‍ണ്ണമായും തകർന്നടിയാതിരിക്കണമെങ്കില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനും ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാനും കോണ്‍ഗ്രസ് അഭിപ്രായങ്ങള്‍ തേടി.

കൊവിഡ് ഭീഷണിയുടെ ദുരന്തവശം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഒരു വിഭാഗം രാജ്യത്തെ ചെറുകിട-ഇടത്തരം സംരഭകരാണ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകരാതെ നിലനിർത്തുന്നതിന് ഇത്തരം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ട്.  അല്ലെങ്കില്‍ പൊതുവേ തകർന്ന ഒരു സാമ്പത്തിക വ്യവസ്ഥ പൂർണമായും തകരുന്നതിനാകും സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇത്തരമൊരു സാമ്പത്തിക പാക്കേജിന്‍റെ ഘടന എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. voiceofmsme.in എന്ന പ്ലാറ്റ്ഫോമിലൂടെ ചെറുകിട-ഇടത്തരം സംരഭകർക്ക്  ഇക്കാര്യത്തില്‍ തങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഹെല്‍പ്പ് സേവ് സ്മാള്‍ ബിസിനസസ് #HelpSaveSmallBusinesses എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Comments (0)
Add Comment