കൃത്യമായ അന്വേഷണം നടന്നാൽ സ്പീക്ക‍ര്‍ ജയിലിൽ പോകും : പി.ടി തോമസ്

Jaihind News Bureau
Thursday, January 21, 2021

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നാൽ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പി.ടി തോമസ് എം.എൽ.എ. സ്പീക്കര്‍ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു പി.ടി തോമസ്. ഭരണഘടനാസ്ഥാപനം സ്വ‍ര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലും ഉൾപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളര്‍ കടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യംചെയ്തു. സഭാസമ്മേളനം കഴിഞ്ഞാൽ സ്പീക്കറേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

പ്രതിപക്ഷനേതാവിനെതിരെ ഒരു കള്ളുക്കച്ചവടക്കാരൻ പരാതി പറഞ്ഞതിന് പിറ്റേദിവസം തന്നെ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി കൊടുത്തു. ലക്ഷങ്ങൾ ചിലവഴിച്ചാണ് സഭാ ടി.വി സജ്ജമാക്കിയത്. ചിലവില്ലാതെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ശങ്കരനാരായണൻ തമ്പി ഹാൾ മോടിപിടിപ്പിക്കാൻ അനാവശ്യമായി പണം ചിലവഴിച്ചു. 72 കോടിക്ക് രൂപയ്ക്കാണ് കേരള നിയമസഭ നിര്‍മ്മിച്ചത്. അതിലേറെ പണം ഈ സ്പീക്കര്‍ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്.

കള്ളക്കടത്തുകാരാണ് മുഖ്യമന്ത്രിയേയും സ്പീക്കറേയും ഏറ്റെടുത്തത്. ഈ സ്പീക്കറെ തെരഞ്ഞെടുക്കുന്ന ദിവസം രാജഗോപാൽ പറഞ്ഞത് രാമനും കൃഷ്ണനും പേരിലുള്ളതിനാൽ പിന്തുണയ്ക്കുന്നു എന്നാണ്. അദ്ദേഹത്തിന് പോലും ഇപ്പോൾ സ്പീക്കറെ തള്ളിപ്പറയേണ്ടി വരുന്നു. നിഷ്പക്ഷമായ ഒരു അന്വേഷണം വന്നാൽ സ്പീക്കര്‍ ജയിലിൽ പോകേണ്ടി വരുമെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.