റോഡ്ഷോയ്ക്ക് പിന്നാലെ കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; യു.പിയില്‍ ബി.ജെ.പി വിയര്‍ക്കും

Jaihind Webdesk
Tuesday, February 12, 2019

Rahul Gandhi Akhilesh Yadav

കോണ്‍ഗ്രസുമായും സഖ്യമുണ്ടെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കരുത്ത് പ്രകടിപ്പിച്ച റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അഖിലേഷ് യാദവിന്‍റെ പ്രതികരണം.

ബി.എസ്.പിയുമായി മാത്രമല്ല, കോണ്‍ഗ്രസുമായും സഖ്യമുണ്ടെന്ന് അഖിലേഷ് യാദവ് ഫിറോസാബാദില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്നൌവിനെ ഇളക്കിമറിച്ച കോണ്‍ഗ്രസ് റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം.

Road-Show

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് രാഷ്ട്രീയം മാറിമറിയുന്നതിന്‍റെ സൂചനകളാണ് ദൃശ്യമാകുന്നത്. തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശത്തോടെ യു.പി രാഷ്ട്രീയത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതും സമാജ് വാദി പാര്‍ട്ടിയുടെ പുതിയ നിലപാടിന് കാരണമായി.

എസ്.പി-ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും നേരിടേണ്ടിവരിക. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായാല്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് നേരത്തെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.