സോണിയാ ഗാന്ധി ഇന്ന് ഇഡി ഓഫീസില്‍ ഹാജരാകും; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവന്ന നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11.30 ഓടെ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തില്‍ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ആരോഗ്യാവസ്ഥ മോശമായതിനാൽ നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയാ ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ശേഷം ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും സോണിയാ ഗാന്ധി അത് നിരസിക്കുകയും ഇ ഡി ഓഫീസിലെത്തി മൊഴി നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എംപിമാരും പ്രവർത്തകസമിതി അംഗങ്ങളും സോണിയാ ഗാന്ധിയെ അനുഗമിക്കും.

ഇഡി വേട്ടയാടലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. മോദി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലിനെതിരെ പാർലമെന്‍റിലും പ്രതിപക്ഷം പ്രതിഷേധിക്കും. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം കോണ്‍ഗ്രസ് തുടരും. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. അറസ്റ്റ് നടപടികളുണ്ടായാല്‍ രാജ്യത്ത് ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment