‘രാജ്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാര്‍’ : സോണിയാ ഗാന്ധി

Jaihind Webdesk
Monday, May 27, 2019

തന്നെ വീണ്ടും തെരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. രാജ്യത്തിന്‍റെ മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് സോണിയാ ഗാന്ധി.

തനിക്ക് മികച്ച വിജയം സമ്മാനിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് സോണിയാ ഗാന്ധി നന്ദി അറിയിച്ചു.

‘എന്നെ വീണ്ടും തെരഞ്ഞെടുത്ത നിങ്ങള്‍ക്ക് എന്‍റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്‍റെ ജീവിതം നിങ്ങൾക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാണ്. നിങ്ങളാണ് എന്‍റെ കുടുംബം. നിങ്ങളിൽ നിന്നാണ് ഞാൻ ശക്തി ആർജിച്ചത്, അത് തന്നെയാണ് എന്‍റെ സ്വത്തും’ –  കത്തില്‍ സോണിയാ ഗാന്ധി പറയുന്നു.

വിജയത്തിനായി കഠിന പ്രയത്നം നടത്തിയ കോ‍ൺഗ്രസ് പ്രവർത്തകരെയും സോണിയ അനുമോദിച്ചു. കോൺഗ്രസിനെ പിന്തുണച്ച എസ്.പി, ബി.എസ്.പി പാർട്ടികൾക്കും സോണിയാ ഗാന്ധി നന്ദി അറിയിച്ചു. 1,67,000 വോട്ടുകൾക്കാണ് ബി.ജെ.പി നേതാവ് പ്രതാപ് സിംഗിനെ റായ്ബറേലിയില്‍ സോണിയാ ഗാന്ധി പരാജയപ്പെടുത്തിയത്.

വരാനിരിക്കുന്ന ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ നിങ്ങൾ ഞങ്ങളില്‍ അർപ്പിച്ച വിശ്വാസത്തിന്‍റെയും പിൻബലത്തിന്‍റെയും ശക്തിയിൽ കോൺഗ്രസ് ഏത് വെല്ലുവിളിയും അതിജീവിക്കും. കോൺഗ്രസിലെ പൂർവികർ ഉയർത്തിപ്പിടിച്ച രാജ്യത്തിന്‍റെ പാരമ്പര്യവും അടിസ്ഥാന മൂല്യങ്ങളും സംരക്ഷിക്കാൻ എനിക്ക് ലഭിച്ച എന്തും ത്യജിക്കാൻ ഞാൻ തയാറാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.