ഭരിക്കാന്‍ കഴിവില്ലെന്ന് മോദി സർക്കാര്‍ തെളിയിച്ചു ; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം : സോണിയാ ഗാന്ധി

Jaihind News Bureau
Monday, January 13, 2020

ജെ.എൻ.യു സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജെ.എൻ.യുവിൽ സംഘർഷം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. ഭരിക്കാൻ കഴിവില്ലെന്ന് കേന്ദ്ര സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും സോണിയാ ഗാന്ധി. എങ്ങനെയാണ് ബി.ജെ.പി ഭീകരത സൃഷ്ടിക്കുന്നത് എന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ച് അമർത്തുകയാണെന്നും സോണിയാ ഗാന്ധി വിമർശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  ചേർന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

അടിച്ചമർത്തലിന്‍റെ ഒരു വാഴ്ച അഴിച്ചുവിടാനും വിദ്വേഷം പ്രചരിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് മോദി സർക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്ത് പ്രക്ഷുബ്ധമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. വിദ്യാർത്ഥികളും യുവാക്കളും ലക്ഷ്യം വെക്കപ്പെടുന്നു. രാജ്യത്തിന്‍റെ വിവിദ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഉത്തർപ്രദേശിൽ, വലിയൊരു വിഭാഗം ജനത ഉപദ്രവിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. യുവജനങ്ങളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ഉയർന്നുവരുന്നു. യു.പിയിലെയും ഡല്‍ഹിയിലെയും പോലീസിന്‍റെ പ്രതികരണം ഞെട്ടിക്കുന്ന തരത്തില്‍ പക്ഷപാതപരവും ക്രൂരവുമാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പരവിരുദ്ധമായതുമായ പ്രസ്താവനകള്‍ തുടരുകയാണ്. പ്രകോപനപരമായ പ്രസ്താവനകള്‍ക്കൊപ്പം പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തകയും ചെയ്യുന്നു. ജാമിയ, ജെ.എന്‍.യു ഉള്‍പ്പെടെയുള്ള സർവകലാശാലകളില്‍ അരങ്ങേറിയ ബി.ജെ.പി സ്പോണ്‍സേഡ് ആക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിവില്ലാത്ത മോദി-ഷാ സർക്കാരിന്‍റെ ഭരണപരാജയമാണ് ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.

ഇന്ന് ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്നം സാമ്പത്തിക തകർച്ചയാണ്. ഇത് എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് ദരിദ്രരെയും പിന്നാക്കക്കാരെയും ഏറ്റവും പ്രതികൂലമായി ബാധിക്കും. ചോദ്യങ്ങള്‍ക്കൊന്നും തന്നെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരമില്ല. ഭിന്നിപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമായ വിഷയങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉയർത്തിക്കൊണ്ട് രാജ്യത്തിന്‍റെ ശ്രദ്ധതിരിക്കുകയാണ് അവർ ചെയ്യുന്നത്. ഇത്തരത്തിലുള്ള സർക്കാരിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.