രാഹുലിനൊപ്പം ഭാരത് ജോ‍ഡോ യാത്രയിൽ അണിചേർന്ന് സോണിയാ ​ഗാന്ധി; കർണാടകയില്‍ ആവേശക്കടലിരമ്പം

Jaihind Webdesk
Thursday, October 6, 2022

മൈസുരു: പ്രവര്‍ത്തകരുടെ ആവേശം വാനോളമുയർത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദസ്റ ആഘോഷങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നു പുലർച്ചെ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിലാണ് സോണിയാ ഗാന്ധിയും പങ്കെടുത്തത്. ബെല്ലാലെ ​ഗ്രാമത്തിൽ വെച്ചാണ് സോണിയാ ​ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായത്.

ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിലെ മണ്ഡ്യ ജില്ലയിലെ ബെല്ലാലെയിൽ പുനരാരംഭിച്ചു. ദസ്‌റ ആഘോഷത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം പദയാത്രയ്ക്ക് ഇടവേളയായിരുന്നു. ഇന്നത്തെ പദയാത്ര ചൗദേന ഹള്ളി ഗേറ്റ് വഴി ബ്രഹ്മദേവര ഹള്ളി വില്ലേജിൽ സമാപിക്കും. ദസ്റ ആഘോഷത്തിനും, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനുമായി സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മൈസുരുവിൽ എത്തിയിരുന്നു. ആയിരങ്ങളാണ് സോണിയാ ഗാന്ധിയെ വരവേല്‍ക്കാനായി എത്തിച്ചേർന്നത്.

കുടകിലെ റിസോർട്ടിൽ വിശ്രമിക്കുകയായിരുന്ന സോണിയ ​ഗാന്ധി, വിജയ ദശമി ദിനമായ ഇന്നലെ എച്ച്ഡി കോട്ടയിലെ രണ്ട് ക്ഷേത്രങ്ങളിലെത്തി ദർശനം നടത്തി. ഇവിടുത്തെ നവരാത്രി മഹോത്സവങ്ങളുടെ സമാപന ചടങ്ങുകളിൽ പങ്കെടുത്തു.  ഇന്നു രാവിലെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പാണ്ഡവപുരയിലെത്തിച്ചേർന്ന സോണിയാ ഗാന്ധി രാഹുൽ ​ഗാന്ധിയുമായി അല്‍പസമയം സംസാരിച്ച ശേഷം പദയാത്രയിൽ അണി ചേർന്നു. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുള്ളതിനാൽ സോണിയാ ഗാന്ധി കൂടുതൽ ദൂരം നടന്നില്ല. ഏതാനും ദിവസം കൂടി സോണിയാ ഗാന്ധി കർണാടകയിൽ തുടരും. ബെല്ലാരിയിലെ മഹാറാലിയിൽ സോണിയാ ഗാന്ധി പ്രസം​ഗിക്കും. പ്രിയങ്കാ ഗാന്ധിയും വരും ദിവസങ്ങളില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും.