കേന്ദ്ര സർക്കാരിനെതിരെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന സമരം ഇന്ന് രാജ്ഘട്ടില്‍

Jaihind News Bureau
Monday, December 23, 2019

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന്‍റെ സത്യഗ്രഹ സമരം. വൈകിട്ട് 3 മുതൽ രാത്രി 8 വരെ രാജ്ഘട്ടിലാണ് സത്യഗ്രഹ സമരം സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിയും രാഹുൽ ഗാന്ധിയും സമരത്തിന് നേതൃത്വം നല്‍കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കും.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി കോൺഗ്രസ് പോരാട്ടം തുടരും. ബി.ജെ.പി സർക്കാരിന്‍റെ ജനദ്രോഹപരമായ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സർക്കാരിന്‍റെ ഏകാധിപത്യ മനോഭാവം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരായ ശക്തമായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഇന്ന് രാജ്ഘട്ടിൽ ധര്‍ണ സംഘടിപ്പിക്കുന്നത്.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ക്രൂരമായി അടിച്ചമർത്തുന്നതിനെ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ രൂക്ഷമായി വിമർശിച്ചു. സമാധാനപരമായ ജനകീയ സമരങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനായി സ്വേച്ഛാധിപത്യപരമായ നടപടികളാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.