ഗണേഷ്‌കുമാറിന് തിരിച്ചടി; ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, October 27, 2023


സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് തനിക്കെതിരെയുള്ള കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ ഈ കേസ് മൂന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു. മറിച്ച്, ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എംഎല്‍എയായ ഗണേഷ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കെബി ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. കേസിന്റെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി കഴിഞ്ഞതവണ നീക്കിയിരുന്നു. സോളര്‍ കേസില്‍ പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമാണ് പരാതി. കേസില്‍ ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി നേരിട്ട് ഹാജരാകാന്‍ കൊട്ടാരക്കര കോടതി സമന്‍സ് അയച്ചിരുന്നു.