സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ പരാതി നല്‍കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിണറായി പോലീസ് നല്‍കിയ മറുപടി ഇങ്ങനെ:
“ഫേസ്ബുക്ക് പേജുകള്‍ കാണാനില്ല, ആ വാര്‍ത്തകളുടെ ലിങ്ക് നല്‍കിയാല്‍ നടപടി സ്വീകരിക്കാം…”
2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിയിലാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും നിരുത്തരവാദപരമായ മറുപടിയുമായി പോലീസ് എത്തിയിരിക്കുന്നത്. ജനുവരി 14ന് നല്‍കിയ മറുപടിയിലാണ് പോലീസിന്‍റെ വിചിത്ര നിലപാട്.
പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും പരാതിയില്‍ പറയുന്ന ചെഗുവേര ഫാന്‍സ്.കോം, പോരാളി ഷാജി, എന്നീ ഫേസ്ബുക്ക് പേജുകളില്‍ ആ പോസ്റ്റുകള്‍ ഇപ്പോള്‍ നിലവിലില്ലെന്നും 2019 ജനുവരി 14ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിന് നല്‍കിയ മറുപടിയില്‍ പൊലീസ് പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും പോലീസ് അറിയിച്ചു.പരാതി നല്‍കി രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പോലീസിന്‍റെ ഈ മറുപടി.
മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുന്ന പൊലീസ് പക്ഷേ പ്രതിപക്ഷത്തിന്‍റെ പരാതികള്‍ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളില്‍ കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ല. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിക്ക് വര്‍ഷങ്ങള്‍ക്കുശേഷം മറുപടി നല്‍കുന്നത് ഇതിന് തെളിവാണെന്നും പ്രതിപക്ഷനേതാവിന്‍റെ ഓഫീസ് ആരോപിച്ചു. പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷനേതാവിന്‍റെ ചിത്രം മോര്‍ഫ് ചെയ്ത്നല്‍കുന്നതോടൊപ്പം സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും പ്രകോപനപരവുമായ കമന്‍റുകളുമാണുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം നല്‍കിയ പരാതിയിലും നിലവില്‍ ഒരന്വേഷണവും നടക്കുന്നില്ല.